ജനാലയ്ക്കലിരുന്ന പച്ച കുപ്പിയേക്കുറിച്ചെഴുതാന് പറഞ്ഞു. കഥയോ, കവിതയോ, ലേഖനമോ എന്തും എഴുതാം. ചിത്രം വരയ്ക്കാം.....അവരുടെ കുഞ്ഞുലോകം എങ്ങനെയായിരിക്കും പകര്ന്നാടുകയെന്നറിയാനുള്ള ആകാംഷയിലായിരുന്നു ഞാന്‍...എല്ലാവരും എഴുതി....ഭാവന വിടര്‍ന്ന ചില കുറിപ്പുകളിലൂടെ...............
കുപ്പികളുടെ രാജ്യം
ഒരിടത്തൊരിടത്ത് കേരളം എന്ന ദേശത്ത് സംസാരിക്കാനും നടക്കാനും പാടാനും നൃത്തം കളിക്കാനും ദേഷ്യപ്പെടാനും പറ്റുന്ന കുപ്പികളുണ്ടായിരുന്നു. പക്ഷേ മനുഷ്യര്‍ക്ക് കുപ്പികള്‍ക്ക് ജീവന് ഉണ്ടായിരുന്നു എന്നറിയില്ലായിരുന്നു. തൃശ്ശൂര്‍ എന്ന ജില്ലയില്‍ കുപ്പി രാജ്യം എന്നു പറഞ്ഞ ഒരു ചെറിയ സ്ഥലം ഉണ്ടായിരുന്നു. ആ സ്ഥലത്ത് അനേകം നിറത്തിലും സ്വഭാവത്തിലും പല ആകൃതിയിലും കുപ്പികള്‍ ഉണ്ടായിരുന്നു. ആ സ്ഥലത്തെ രാജാവിന്റെ പേര് പെപ്സി എന്നായിരുന്നു. രാജാവിന് സുന്ദരിയായ മകളുണ്ടായിരുന്നു. രാജകുമാരിയുടെ പേര് മിറിന്‍ഡ എന്നായിരുന്നു.
ഒരു ദിവസം പെപ്സി രാജാവ് നടക്കാന്‍ പോകുമ്പോള്‍ ഒരു രാജകുമാരനെ കണ്ടു. സെവന്‍അപ് എന്നായിരുന്നു രാജകുമാരന്റെ പേര്. രാജാവിന് കുമാരനെ ഇഷ്ടപ്പെട്ടു. കൊട്ടാരത്തില്‍ താമസിപ്പിക്കുകയും ചെയ്തു. രാജകുമാരനും രാജകുമാരിയും ഇഷ്ടത്തിലായി. അങ്ങനെ ഒരു ദിവസം രാജകുമാരന് രാജകുമാരിയെ കാണാന്‍ എത്തിയത് രാജാവിന്റെ സത്യസന്ധനായ ഭടന് കണ്ടു. ഭടന് രാജാവിനോട് കാര്യം പറഞ്ഞു.രാജാവ് രണ്ടുപേരേയും വിളിച്ചു അന്വേഷിച്ചു. അവര്‍ക്ക് ഇഷ്ടമാണെന്നറിഞ്ഞതും അവരുടെ വിവാഹം നടത്താന്‍ തീരുമാനിച്ചു. അങ്ങനെ അവര്‍ വിവാഹിതരായി. പിന്നീടുള്ള ജീവിതം അവര്‍ക്ക് ഭംഗിയുള്ളതായിരുന്നു.
.....ഞാന്‍ ഞെട്ടിയുണര്‍ന്നു.
അക്ഷയ. കെ.കെ.
പച്ചക്കുപ്പി
ഇലകളുടെ നിറമാണ് എനിക്ക്
എല്ലാവരുടെയും സ്വന്തം കുപ്പിയാണ് ഞാന്‍
എന്നെ നിങ്ങള്‍ക്ക് ഏതു നിറത്തിലും കാണാം
പച്ച മാങ്ങയുടെ നിറമാണ് എനിക്ക്
എനിക്ക് പല ആകൃതികളുണ്ട്
എല്ലാവരുടേയും സ്വന്തം കുപ്പി.
മനീഷ വി.സി
കുപ്പി
വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ഇത്. പലതരത്തില്‍, പല ഭാവത്തില്‍ നമുക്ക് ഇന്ന് ഈ വസ്തുവിനെ കാണാം. കുട്ടിക്കാലത്ത് കളിപ്പാട്ടമായി ഉപയോഗിക്കുന്ന ഒന്നായിരുന്നു. വണ്ടി, പാവ അങ്ങനെ എത്രയെത്ര തരം വസ്തുക്കള്‍. വിദ്യാലയത്തിന്റെ പടി ചവിട്ടുമ്പോള്‍ കൂടെ കൂടിയതാണിവന്. ദാഹിക്കുന്ന സമയം ദാഹമകറ്റുന്നു. പിന്നെ, കൂട്ടുകാരുമൊത്തുള്ള കലഹങ്ങളില്‍ ഇടനിലക്കാരനാകും. ഈ വില്ലന്റെ കടന്നുവരവ് പല ഭാവത്തിലാണ്. ഇവനെ ഉപയോഗിച്ച് മനോഹരമായ കരകൗശല വസ്തുക്കള്‍ ഉണ്ടാക്കാമെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് മൂന്നാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. ഇപ്പോള്‍, ചാലുകളും കനാലുകളും നിറഞ്ഞ് ഇവനാണ്.
ദേവിക.
ഞാന്‍ കുപ്പി
ഞാന്‍ കുപ്പി. പ്ലാസ്റ്റിക്കില്‍ നിന്നാണ് എന്റെ പിറവി. എനിക്ക് ഒരുപാട് സഹോദരങ്ങളുണ്ട്. ഈ വര്‍ണ്ണാഭമായ ലോകത്ത് നിറങ്ങളോടെ ജീവിക്കാന്‍ കഴിഞ്ഞത് ഞങ്ങളുടെ ഭാഗ്യം തന്നെ. ഞങ്ങളുടെ ജീവിതവും മനുഷ്യജീവിതവും പലപ്പോഴും ഒരുപോലെയാകാറുണ്ട്. അഗ്നിയില്‍ അമര്‍ന്ന്, ഉരുകി ഉരുകിയാണ് ഞാനും മനുഷ്യരും ജീവിക്കുന്നത്. ഭൂമിയെ കാര്‍ന്നു തിന്നുകയാണ് ഇന്നത്തെ മനുഷ്യരുടെ പ്രധാന ലക്ഷ്യം. ഞാനും എന്റെ കൂട്ടുകാരും ഭൂമിയില്‍ ലയിക്കാതെ ഭൂമിയെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണ്. ഇത്രയേറെ സൗഭാഗ്യങ്ങളുണ്ടായിട്ടും മരിച്ച് മണ്ണോടു ചേരുന്ന മനുഷ്യനേക്കാള്‍ മണ്ണില്‍ ലയിക്കാതെ നൂറ്റാണ്ടുകളോളം ജീവിക്കുന്ന ഞങ്ങളല്ലേ ഭാഗ്യവാന്മാര്..
അഞ്ജന കെ. സഹദേവന്
സ്വപ്നമായി വന്ന കുപ്പി
ഞാന്‍ കണ്ണുകള്‍ തുറന്നു നോക്കുമ്പോള്‍ കുറേ കുപ്പികളുടെ നടുവില്‍ ഞാന്‍ നില്ക്കുന്നു. എന്റെ ചുറ്റും കണ്ണോടിച്ച് നോക്കിയപ്പോള്‍ എനിക്കാ സത്യം മനസ്സിലായി, ഈശ്വരാ....ഇന്ന് ഉച്ചയ്ക്ക് ഞാന്‍ വെള്ളം കുടിച്ച് വലിച്ചെറിഞ്ഞ കുപ്പിയുടെ ഉള്ളിലാണല്ലോ ഞാന്‍. എങ്ങനെയാണ് കുപ്പിയുടെ അകത്തായി പോയത്. ഇനിയെങ്ങനെ പുറത്തു കടക്കും? ഇങ്ങനെ ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് കത്തിക്കരിഞ്ഞ ഒരു കുപ്പി എന്റെ അടുത്തേക്ക് വന്നത്. അറിയാതെ ഞാന്‍ ഉറക്കെ കരഞ്ഞു. അപ്പോള്‍ ആ കുപ്പി എന്നോട് പറഞ്ഞു'പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയുന്നത് അപകടമാണെന്ന് നിനക്കറിയില്ലേ. നീ ഇത് കുറേ പ്രാവശ്യമായി ചെയ്യുന്നു. ഇത് നിന്റെ അവസാനത്തെയാണ്. ഞങ്ങള്‍ നിന്നെ കൊല്ലും' ആ കുപ്പിയുടെ പറച്ചില് കേള്‍ക്കവേ ഞാന്‍ കുറച്ചു കൂടി ഉച്ചത്തില്‍ കരഞ്ഞു. അപ്പോള്‍ പുറത്തു നിന്നൊരു ശബ്ദം. എന്റെ അമ്മയുടേതാണല്ലോ അത്. ' അപ്പൂ, നീ എന്തിനാ കരയുന്നേ? എഴുന്നേല്‍ക്ക് നേരം വെളുത്തു. സ്കൂളില്‍ പോകണ്ടേ'.
ശ്രുതി. എം. എസ്.
No comments:
Post a Comment